IndU

Saturday, 11 January 2014

അബല+ചപല=സ്ത്രീ

അബല+ചപല=സ്ത്രീ എന്ന സമവാക്യത്തിൽ വിശ്വസിക്കുന്ന മുഖ്യധാരാ സമൂഹത്തോട്:
ആദ്യമേ പറഞ്ഞു കൊള്ളട്ടെ...ഇത് പുരുഷന്മാരെ ബോധവല്ക്കരിക്കാൻ വേണ്ടി മാത്രമുള്ള കുറിപ്പായി കാണരുത്..കാരണം അടുക്കളപ്പണിക്കിടെ വലിയ വായിൽ അച്ഛനോട് സ്ത്രീ വിമോചനത്തെക്കുറിച്ചു പ്രസംഗിക്കുന്ന മിക്കവാറും അമ്മമാർ എല്ലാം തന്നെ രാവിലെ പത്രം വായിക്കാൻ കയിലെടുക്കുന്ന മകളെ ശാസിക്കുന്നത് കേൾക്കാം : "രാവിലെ പത്രവും മലർത്തി വെച്ച് കൊണ്ടിരിക്കാതെ അടുക്കളയിൽ കേറി വല്ല പണിയും ചെയ്യടീ..."
പാവക്കുട്ടിയുടെ ചെമ്പൻ മുടി തടവി ആങ്ങളയുടെ കളിതോക്കിനു മുന്നിൽ കയ്യുയർത്തി നില്ക്കുന്ന ബാല്യത്തിൽ നിന്ന് തുടങ്ങുന്നു യാഥാസ്ഥിതിക സമൂഹം വരച്ച വട്ടത്തിനുള്ളിൽ അവളുടെ ജീവിതം..വിവാഹ മാർകറ്റിലെത്തിക്കാൻ പാകത്തിന് നല്ലനടപ്പും അടുക്കളപ്പണിയും വിധേയത്വവും ഉരുട്ടിക്കുഴച്ചു കൊടുക്കുമ്പോൾ അടിമത്തത്തിന്റെ മേദസ്സിൽ അവൾ ഉരുണ്ടു കൊഴുക്കുന്നു...പതിനാറിൽ കുടുംബ ഭാരം എടുത്ത് ഇവരുടെ തലയിൽ വെയ്ക്കണോ?
സ്മാർത്തവിചാരണയെയും സദാചാര പോലീസിനെയും ഞരമ്പ് രോഗികളെയും ഭയന്ന് പെണ്‍കുട്ടികളെ വീട്ടിനുള്ളിലിരിക്കുന്ന കുട്ടക്കുള്ളിൽ അടച്ചു മൂടി വയ്ക്കുന്ന രക്ഷിതാക്കളെ, നിങ്ങൾ മലാല എന്നൊരു പെണ്‍കുട്ടിയെ പറ്റി കേട്ടിട്ടുണ്ടോ?
പാകിസ്ഥാനിലെ താലിബാൻ ആധിപത്യ മേഖലയിലുള്ള സ്വാത്തിൽ താലിബാൻ നടത്തുന്ന ഭീകരവൽക്കരണത്തെ പറ്റി BBCയുടെ വെബ്സൈറ്റിൽ പതിമൂന്നാം വയസ്സിൽ രേഖപ്പെടുത്തിയ ധൈര്യശാലിയായ പെണ്‍കുട്ടി.വിദ്യാഭ്യാസ പ്രവർത്തകയും വിദ്യാർതിനിയുമായിപ്പോയതിന്റെ പേരിൽ താലിബാന്റെ വെടിയുണ്ടകളേറ്റ് തലച്ചോർ തകർന്നവൾ..ആ ദുരന്തത്തിന്റെ പുകച്ചുരുളിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റ് തന്നെയോ തന്റെ ലക്ഷ്യങ്ങലെയോ തകർക്കാനോ തോൽപ്പിക്കാനോ ആകില്ലെന്ന് താലിബാനോട് വിളിച്ചു പറഞ്ഞവൾ..ലോകത്തിന്റെ പ്രത്യാശ ഇന്നിവളിലാണ്....വിപ്ലവകാരിയായ പതിനാറുകാരിയിൽ...
സിയാവുദ്ദീൻ യൂസുഫ്സായ് - പെകായി ദമ്പതിമാർ നിങ്ങളെപോലെ ചിന്തിച്ചിരുന്നെങ്കിൽ ഈ നവ വസന്തം സ്വാത് താഴ്‌വരയിൽ വിടരില്ലായിരുന്നു...നമ്മുടെ നാട്ടിൽ എന്തായാലും ഇത്രയും ഭീകരന്തരീക്ഷമൊന്നും നിലവിലില്ല...
അവർ പഠിക്കട്ടെ...വളരട്ടെ...കൈക്കരുത്തും മനക്കരുത്തുമുള്ള സ്ത്രീത്വത്തിന്റെ പുലർച്ചക്കായി നമുക്ക് കാത്തിരിക്കാം..
— 

സ്ത്രീത്വം

സ്ത്രീത്വത്തെ കുറിച്ച് ആധുനിക സമൂഹത്തിന്‍റെ കാഴ്ചപ്പാട് എന്താണ്? പ്രത്യേകിച്ച് അഭ്യസ്ത വിദ്യരുംപുരോഗമന ചിന്താഗതിക്കാരുമെന്നു അവകാശപ്പെടുന്ന മലയാളി വനിതകള്‍ക്കിടയില്‍...ചിന്തിക്കേണ്ട വിഷയമാണ്...ഭൂഗോളമെന്ന വലിയ ഭൂപടത്തില്‍ സ്ത്രീസമൂഹം എങ്ങനെ അടയാളപ്പെട്ടിരിക്കുന്നു എന്നറിയുവാനുള്ള ഒരു ശ്രമം മാത്രം..

സ്ത്രീ എന്ന വാക്കിനു സമൂഹം നല്‍കുന്ന നിര്‍വചനമെന്തെല്ലാമാവണം? സഹനം, ഭാവശുദ്ധി തുടങ്ങിയ വാക്കുകള്‍ ദയവായി ഉപേക്ഷിച്ചു പുതിയതായി എന്തെങ്കിലും കേള്‍ക്കുവനാഗ്രഹിക്കുന്നു.

"പെണ്ണായാല്‍ നിറഞ്ഞ മാറിടവും വിസ്തൃതമായ നിതംബവും വേണ" മെന്ന അഭ്യസ്തവിദ്യയായ ഒരു പെണ്‍സുഹൃതിന്‍റെ വാദമാണ് ഇത്തരത്തില്‍ ചില ചിന്തകള്‍ക്കാധാരം.ഈ വാദത്തെ പിന്തുണച്ച് ഒരു പെണ്‍പട തന്നെ രംഗത്തു വന്നപ്പോള്‍ അത് സ്ത്രീസമൂഹത്തിനേറ്റ ഏറ്റവും വലിയ മാനക്കേടായാണ് തോന്നിയത്.പെണ്ണെന്നാല്‍ കേവലം അഴകളവുകള്‍ മാത്രമാണത്രേ!!!ചിന്തയിലൊ സര്‍ഗത്മകതയിലോ സമൂഹത്തിന്‍റെ മറെതെങ്കിലും മേഖലകളിലെ ഇടപെടലുകളിലോ രേഖപ്പെടുത്താനാവാതെ ശരീരത്തിന്‍റെ മുഴുപ്പുകളില്‍ മാത്രമൊതുങ്ങിപ്പോയ ഒന്നത്രേ സ്ത്രീത്വം എന്ന് അവര്‍ പറയാതെ പറഞ്ഞു വെച്ചപ്പോള്‍ നാവടക്കിയിരിക്കാനായില്ല...സ്ത്രീ കേവലം ആകര്‍ഷണോപാധി മാത്രമാണോയെന്ന എന്‍റെ ചോദ്യത്തിനു നേരെ പെണ്‍പുലികള്‍ ആഞ്ഞടുത്തപ്പോള്‍ മൗനം തന്നെ വിദ്വാനു ഭൂഷണം എന്നു ഞാനും കരുതി.....

കുഴിയാന തുമ്പിയുടെ ലാര്‍വയാണത്രേ!!!



കുഴിയാന തുമ്പിയുടെ ലാര്‍വയാണത്രേ!!! ഒരു സുഹൃത്ത്‌ പങ്കു വെച്ച അറിവാണ്..വിശ്വസിക്കാനാവാത്ത ഒരു കൌതുകം തോന്നുന്നു...പണ്ടു വീടിന്‍റെ ചുവരിനോട് ചേര്‍ന്നു കാണുന്ന കൊച്ചു കുഴികളില്‍ ഈര്‍കില്‍ കൊണ്ട് തോണ്ടി കുഴിയനകളെ പുറത്തു ചാടിച്ചതും അതിനെ കൈ വെള്ളയിലെടുത്ത് തുമ്പിക്കൈ ഉണ്ടോയെന്നു സൂക്ഷ്മ പരിശോധന നടത്തിയതുമൊക്കെ ഓര്‍മ വന്നു...."മണ്ണില്‍ വെച്ചാല്‍ ഇന്ത്യ വരക്കും കുഴിയാന " എന്ന് തുടങ്ങുന്ന ഒരു നഴ്‌സറി ഗാനം അമ്മ പഠിപ്പിച്ചത് മറന്നു തുടങ്ങിയിരിക്കുന്നു...
ഇപ്പോള്‍ ആ ചെറിയ കുഴികള്‍ വീടിനോട് ചേര്‍ന്ന് കാണാറില്ല...തുമ്പികളേയും വിരളമായെ കാണാറുള്ളു....ഇവക്കും പ്രകൃതിയുമായുള്ള നാഭിനാള ബന്ധം മുറിഞ്ഞു തുടങ്ങിയിട്ടുണ്ടാവുമോ....??
അനാദിയായി പരന്നു കിടക്കുന്ന സമുദ്രത്തില്‍, അങ്ങകലെ ഒരു വലിയ കണ്ണീര്‍ത്തുള്ളി പോലെ വെള്ളിയങ്കല്ല്...അവിടെ ഇപ്പോഴും ആത്മാക്കള്‍ തുമ്പികളായി പാറി നടക്കുന്നുണ്ടാവുമോ....???