കാൽബൈശാഖി
കാർമേഘം ഉരുണ്ടുകൂടുന്നത് കണ്ടപ്പോൾ തന്നെ ആനന്ദ്
ജനാലകൾ വലിച്ചടച്ചു.ശക്തമായ കാറ്റിൽ ജനാലകൾ കിടന്നടിക്കുന്നതു കേട്ടാൽ വീട്ടുടമസ്ഥ
മൈത്രേയി മുകളിലേക്ക് കയറി വന്നു വായിൽ തോന്നിയതൊക്കെ വിളിച്ചു പറയും.കലഹപ്രിയയായ
മൈത്രേയി ഗുപ്ത ശുണ്ഠിയെടുക്കുന്നത് കാണാൻ ആനന്ദിനിഷ്ടമാണ്. കലഹിക്കുമ്പോൾ അവരുടെ
മൂക്കുത്തിയിലെ ഞാത്ത് ഇളകുന്നതും നെറ്റിയിലെ വലിയ കുങ്കുമപ്പൊട്ടിനിരുവശവും
വില്ലു കുലച്ചത് പോലുള്ള പുരികങ്ങൾ ഉയർന്നു താഴുന്നതും ആനന്ദ് കൗതുകത്തോടെ നോക്കി
നിൽക്കാറുണ്ട്. അപ്പോൾ
അയാളുടെ നോട്ടത്തിലും മൗനത്തിലും അരിശംപൂണ്ട്, പാറിക്കളിക്കുന്ന
ചെമ്പൻ തലമുടിക്ക് മീതെ ദുപ്പട്ട വലിച്ചിട്ട്
എന്തൊക്കെയോ പുലമ്പി,
ആ പഴയ ഗോവണി ഇളക്കിയിടും വിധം ചവുട്ടി
ശബ്ദമുണ്ടാക്കിക്കൊണ്ട് അവർ താഴെക്കിറങ്ങിപ്പോകും. മിതഭാഷിയും
സഹൃദയനുമായ ചരണ്‍ഗുപ്ത ഇവരെ എങ്ങനെ സഹിക്കുന്നുവെന്നോര്‍ത്ത് ആനന്ദ്
അദ്ഭുതപ്പെട്ടിട്ടുണ്ട്.
വാതിൽ കാറ്റടിച്ച് ഊക്കോടെ അടഞ്ഞതും ജനാലച്ചില്ലിലൂടെ
മിന്നൽക്കീറ് മുറിയിലേക്കടിച്ചതും
ഒരുമിച്ചായിരുന്നു. വൈകാതെ
കൽകത്തയിലെ ഈ ചെറിയ തെരുവിനെയാകെ ഒഴുക്കിക്കളയും വിധം മഴ ശക്തി പ്രാപിച്ചു .ഉച്ചക്ക്
ശേഷം ചൂട് സഹിക്കാനാവാത്ത വിധം ഉയര്ന്നപ്പോഴേ കരുതിയതാണ്
ഈ ഭാവമാറ്റം. ഇത് നിരീക്ഷിച്ചിട്ടാവണം ചരണ്‍ഗുപ്ത
വീടിനോട് ചേർന്നുള്ള തന്‍റെ പീടിക ഉച്ചയോടെ തന്നെ അടച്ചത്. ഏപ്രിൽ- ജൂണ്‍
മാസങ്ങളിൽ ബംഗാളിലടിക്കുന്ന ശക്തമായ ഈ പ്രാദേശികവാതത്തെ വൈശാഖമാസത്തിലെ അത്യഹിത (കാൽബൈശാഖി) മെന്നു
ഇവിടുത്തുകാർ വിശേഷിപ്പിക്കുന്നത് വെറുതെയല്ല. ശക്തമായ
കാറ്റും ഇടിമിന്നലും കാരണം പുറത്തിറങ്ങാനേ കഴിയാത്ത അവസ്ഥയാവും മിക്ക
വൈകുന്നേരങ്ങളിലും. "നാട്ടിലിപ്പോൾ ഇടവപ്പാതി തകർക്കുകയാവും" ആനന്ദ്
ഓർത്തു.
ആനന്ദ്
വാതിലടച്ചിട്ട് സാധനങ്ങൾ അടുക്കിപ്പെറുക്കാൻ തുടങ്ങി. നാളെ നേരത്തെ നാട്ടിലേക്ക്
പുറപ്പെടേണ്ടതാണ് .മുറിയുടെ ഒരു കോണിൽ അയാളുടെ ചില പെയിന്‍റിoഗുകൾ
അലക്ഷ്യമായി കൂട്ടിയിട്ടിരുന്നു.എല്ലാം കൊണ്ട് പോവുക പ്രയാസമാണ്.ഒന്നുരണ്ടെണ്ണം
ചരണ്‍ ഗുപ്തക്കു സമ്മാനിക്കണമെന്നു നേരത്തേ തന്നെ കരുതിയതാണ് . നല്ലൊരു
ചിത്രകലാസ്വാദകനായ അയാൾ ചിലപ്പോഴൊക്കെ മുകളിലേക്ക് കയറി വന്ന് ആനന്ദിന്‍റെ വര ഏറെ
നേരം നോക്കി നിൽക്കാറുണ്ട്.
തീരെ
അടുക്കും ചിട്ടയുമില്ലാത്ത ആ മുറിയുടെ
ജനാലയോട് ചേർന്ന് "അണ്ടർ
ദ മാംഗോ ട്രീ "എന്ന
അക്രിലിക് വർക്ക്
പൂർത്തിയാകാതെയിരിക്കുന്നു.അതിനടുത്തിരുന്ന കളർപ്ലേറ്റിലും ബ്രഷിലും
പറ്റിപ്പിടിച്ചിരുന്ന ചായം വൃത്തിയാക്കുന്നതിനിടയിലാണ് രഞ്ജന വീണ്ടും ഒര്മയിലേക്ക്
കടന്നു വന്നത്. കഴിഞ്ഞ ഒന്നു രണ്ടു മണിക്കൂറായി അവളെ അയാൾ മനപ്പൂർവം
മറക്കാൻ
ശ്രമിക്കുകയായിരുന്നു. അതിലയാൽ
ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. ഇപ്പോഴതാ അവൾ വീണ്ടും..
" നിനക്കെന്തേ
ചുവപ്പ് വർണ്ണത്തോട് ഇത്ര പ്രിയം?"
"നിന്‍റെ
ചിത്രങ്ങളിൽ പച്ച നിറത്തിനാണല്ലോ പ്രാമുഖ്യം , അതെന്താ
?"
എന്‍റെ ചോദ്യത്തിന് മുന്നിൽ മറുചോദ്യമെറിഞ്ഞ് രഞ്ജന ചിരിച്ചു കൊണ്ട് നിന്നു.
"അതെന്‍റെ
നാടിന്‍റെ നിറമാണു രഞ്ജന..നീ കേരളത്തെ
പറ്റി കേട്ടിട്ടില്ലേ ? ഗോഡ്സ്
ഒവ്ണ്‍ കണ്‍ട്രി..അതെ രഞ്ജനാ,
ആ പച്ചപ്പ് എന്‍റെ മനസ്സിലും വരകളിലും
കയറിപ്പോയി.
"എന്നാൽ കേട്ടോളൂ ആനന്ദ്, എന്‍റെ
തെരുവിന്‍റെ നിറം ചുവപ്പാണ്.ഒരു തരം നരച്ച ചുവപ്പ്."
ഞാൻ മിഴിച്ചു നില്ക്കവേ അവൾ തുടർന്നു .
"ഇറ്റ്സ് എ പപ്പെറ്റ് സ്ട്രീറ്റ്
ആനന്ദ്..ചോരയും നീരുമില്ലാത്ത ,ചുണ്ടിലും
കവിളിലും വില കുറഞ്ഞ ചായങ്ങൾ വാരിപ്പൂശിയ
കുറെ പാവകൾ വസിക്കുന്ന ഇടം...”
രഞ്ജനയുടെ വാക്കുകളിലെ നിർവികാരത എന്നെയൊന്നു
ഞെട്ടിക്കാതെയിരുന്നില്ല.
അവളോ..?ഭാവഭേദമൊന്നും കൂടാതെ വർണ്ണങ്ങൾ
ചാലിക്കുന്നതിലേക്കു തിരിഞ്ഞു.
ചുവരുകൾക്കപ്പുറം കാൽബൈശാഖി ഉറഞ്ഞു തുള്ളിയ ഒരു
സായാഹ്നത്തിൽ സിലിഗുരിയെപ്പറ്റി അലോക്പറഞ്ഞത് അവനോർത്തു. ഏഷ്യയിലെതന്നെ ഏറ്റവും വലിയവേശ്യാത്തെരുവുകളിലൊന്നായ സിലിഗുരിയെപ്പറ്റി കൽക്കത്തയിലേക്കെതും മുമ്പേ കേട്ടതാണ് .
ചാർമിനാർ പുകച്ചു കൊണ്ട് "മിസ്റ്റീരിയസ്
ഹാപ്പിനെസ്സി"ന്‍റെ മിനുക്കുപണിയിലായിരുന്നു അലോക്.
ഒരു നേപ്പാളി സുന്ദരിയോടൊപ്പം സിലിഗുരിയിൽ ചിലവിട്ട കഴിഞ്ഞ വാരാന്ത്യത്തിന്‍റെ
അനുഭൂതി അവനിൽ നിന്നും മാഞ്ഞിരുന്നില്ല.അതവന്‍റെ വിരലിലേക്കും വരകളിലേക്കും
ആവഹിക്കപ്പെടുന്നത് നോക്കി ഒരു ഗ്ലാസ് റം
നുണഞ്ഞു കൊണ്ട് ഞാനിരുന്നു.
ഗ്ലാസ്സൊഴിയും മുൻപാണ് അലോകിൽ നിന്നും ആ ചോദ്യം വന്നു
വീണത്.
"ഒരാണിൽ
നിന്നും പെണ്ണിലേക്കെത്ര ദൂരമുണ്ട്?"
അവനിലെ ലഹരിയാണോ സ്വബോധമാണോ ചോദ്യമുന്നയിച്ചതെന്ന സംശയത്തിൽ
ഞാനവനെ ഉറ്റുനോക്കിയിരിക്കുമ്പോൾ തന്നെ മറുപടിയും വന്നു :
"നീയോരുപാടൊന്നും
ചിന്തിച്ചു തലപുകയ്ക്കണ്ട, കൂടിപ്പോയാൽ
ആറിഞ്ച്...അത്രേയുള്ളൂ”
ഞാന്‍ സംശയത്തോടെ നോക്കിയിരിക്കെ അവന്‍ തുടര്‍ന്നു : ”സിലിഗുരിയുടെ
തെരുവുകളിലേക്കിറങ്ങി നോക്കൂ..എവിടേക്കെന്നറിയാതെ നീളുന്ന ആ സങ്കീര്‍ണമായ ഇടുങ്ങിയ ഗലികള്‍ എത്തിപ്പെണ്ടതെവിടെയെന്നറിയാതെ കുഴക്കുന്ന
പത്മവ്യൂഹം പോലെയാണ്. പക്ഷേ ചുവടു വെച്ച്
തുടങ്ങുമ്പോള്‍ ആ ഇടുങ്ങിയ വീഥികൾക്കെല്ലാം നീളം കുറഞ്ഞു കുറഞ്ഞു വരുന്നതായി
തോന്നും..അവസാനം ചുരുങ്ങിച്ചുരുങ്ങി ഏതെങ്കിലുമൊരു തെരുവ് പെണ്ണിന്‍റെ
അടിവയറ്റിലേക്ക് വഴികാട്ടും".
സകലതും കമ്പോളവൽക്കരിക്കപ്പെട്ടു പോയ കാലഘട്ടത്തിൽ പെണ്ണും
ക്രയവിക്രയം നടത്തേണ്ട "ചരക്കാ "ണെന്ന തന്‍റെ അടിസ്ഥാന സിദ്ധാന്തത്തിനു
മേൽ അലോക് ചുട്ടടുക്കുന്ന ഇത്തരം സ്ത്രീ വിരുദ്ധ കാഴ്ച്ചപ്പാടുകളോടുള്ള പുച്ഛം
തികട്ടിതുപ്പി ഞാനാ ഗ്ലാസ്സൊഴിച്ചു.
അതായിരുന്നോ
എനിക്ക് രഞ്ജനയിലേക്കുള്ള ദൂരം ?
രഞ്ജനയെ കാണുമ്പോഴൊക്കെ അവളുടെ നടത്തത്തിന്‍റെ താളവും എന്‍റെ
ഹൃദയമിടിപ്പിന്‍റെ വേഗതയും കൂട്ടിക്കുഴച്ച് ഞാനവളിലെക്കുള്ള ദൂരമളന്നപ്പോഴെല്ലാം
എന്‍റെ കണക്കു കൂട്ടലുകൾ
പിഴക്കുമായിരുന്നു.
രഞ്ജനയോടു തനിക്കുള്ള വികാരമെന്തായിരുന്നു? പ്രണയമോ
അതോ മറ്റേതോ അഭിനിവേശമോ?ഒന്നുറപ്പാണ്,അവളുടെ
കവിലുകളിലെ അരുണിമയും വിടർന്ന കണ്ണുകളും താനോരുപാട്
നോക്കി നിന്നിട്ടുണ്ട്.അവളുടെ ആകാര വടിവിനെപ്പറ്റി മിനിട്ടിനു മിനിട്ടിനു പറയുന്ന
ആലോകിനോട് ഈർഷ്യ
തോന്നിയിട്ടുണ്ട്.ക്ലാസ്സിലൊപ്പമുണ്ടായിരുന്ന മറ്റാരോടു മില്ലാത്ത അടുപ്പം
അവൾക്കെന്നോടുണ്ടായിരുന്നു.ആ അടുപ്പം പ്രണയമാണെന്നുംഅത് തുറന്നു പറയുവാൻ എന്നെ
പോലെതന്നെ അവൾക്കും മടിയാണെന്നുമൊക്കെ ഞാൻ സങ്കൽപിച്ചു പോന്നു.
ഒരു മധ്യാഹ്നത്തിൽ തകർത്തു
പെയ്ത പേമാരി ഒന്ന് ശമിച്ചപ്പോൾ രഞ്ജനയുമൊന്നിച്ചൊരു സായാഹ്ന
സവാരിക്കിറങ്ങി.ഹൗറ ബ്രിഡ്ജിനു മുകളിലൂടെ സിന്ദൂരമൊലിപ്പിച്ചു നിന്ന അസ്തമയ
സൂര്യനെ നോക്കി അവൾ പറഞ്ഞു: "ഞങ്ങളുടെ തെരുവിൽ ആണ്‍കുട്ടികൾ ജനിക്കാറേയില്ല
ആനന്ദ്. ഒരു പക്ഷേ ശാപമായിരിക്കാം.അച്ഛൻ, ആങ്ങള ഭർത്താവ് , മകൻ
തുടങ്ങിയ ബന്ധങ്ങളൊക്കെ ഞങ്ങൾക്കന്യമാണ്.അവിടെ വന്നു പോകുന്നവരെല്ലാം മാംസദാഹികളായ
കുറെ വിടന്മാരാണ് .ഭൂമിയിൽ ആ തെരുവും വേശ്യകളും ഒരിക്കലും അന്യം നിന്ന്
പോകരുതെന്ന് ദൈവം പോലും ആശിക്കുന്നത് പോലെ തോന്നും ചിലപ്പോഴൊക്കെ..അപോഴൊക്കെ
ഞാനാശിച്ചു പോകാറുണ്ട് , എനിക്ക്
നിന്നെ പോലൊരു
സഹോദരനുണ്ടായിരുന്നെങ്കിലെന്ന്. "
രഞ്ജനയ്ക്ക്
ഞാനാരായിരുന്നെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങൾ !!!
സന്ദേഹത്തിന്‍റെ
മഞ്ഞുരുകി മാറിയപ്പോൾ നിരാശയൊന്നും തോന്നിയില്ലെന്നു മാത്രമല്ല, അന്നോളമില്ലാതൊരു
കരുതലും വാത്സല്യവും അവളോട് തോന്നിപ്പോയി
.
വാക്കുകൾ മുറിഞ്ഞു വീണിടത്ത് നിന്ന് കൂട്ടിപ്പെറുക്കി ഞാൻ
പറഞ്ഞു: "നിനക്കങ്ങനെയൊ ന്നുമുണ്ടാവില്ല രഞ്ജനാ..നീ പഠിച്ചവളല്ലേ? നിനക്ക്
മാറ്റങ്ങലുണ്ടാക്കാൻ കഴിയുമവിടെ . നിനക്കെ കഴിയൂ.."
ഇല്ല ആനന്ദ്,
ആ തെരുവൊരിക്കലും മാറില്ല.. മാറാനാരും
സമ്മതിക്കില്ല.മാറ്റമുണ്ടാകുന്നെങ്കിൽ അതെനിക്കാവും. അധികം താമസിയാതെ തന്നെ
എനിക്കൊരു പറിച്ചു നടീലുണ്ടാവും.വിവാഹമെന്നു പേരിട്ട് ഒരു മനുഷ്യക്കടത്ത് ...തെരുവിലെ വീടുകളിൽ
സ്ഥിരമെത്താറുള്ള ഒരു ഇടനിലക്കാരനാണ്
ദല്ലാൾ. ബംഗ്ലാദേശിന്‍റെയോ നേപ്പളിന്‍റെയോ അതിർത്തി
ദേശങ്ങളിലേക്കെവിടെയെങ്കിലുമാകും. ആരാണെന്നോ
എവിടെ നിന്നാണെന്നോ ഉള്ള ചോദ്യങ്ങളുടെ അർത്ഥശൂന്യതയെ ഞാൻ ചോദ്യം ചെയ്തില്ല ..
കാലം കാൽബൈശാഖി പോലെ ആഞ്ഞടിക്കുമ്പോൾ ആ പേമാരിയിലൊലിച്ചു
ഒടുവിൽ സിലിഗുരിയുടെ ഗലികളിൽ തന്നെ അടിഞ്ഞു ചേരാനുള്ള എന്‍റെ ജീവതത്തിന്‍റെ ഗതി
സുനിശ്ചിതമാണല്ലോ.."
രക്ഷിക്കട്ടെയെന്നു അവളോട്
ചോദിക്കാനെനിക്ക് നാക്ക് പൊങ്ങിയില്ല..തികച്ചും അർത്ഥശൂന്യമായ ആ ചോദ്യം
അവളും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ദൈവം പോലും കൈവിട്ടെടുത്ത് എന്‍റെ ചോദ്യത്തെ
അവൾ പുച്ഛത്തോടെയേ നേരിടുവെന്നു തീർച്ച .
പിരിയും മുമ്പ് അവൾ പറഞ്ഞു : "വിവാഹത്തിന്
ക്ഷണമുണ്ടാവില്ല. ഒരിക്കലും നീയെന്‍റെ തെരുവിലേക്കോ വീട്ടിലേക്കോ വരരുത്.ഞാനോ എന്‍റെ അമ്മയോ സഹോദരിമാരോ നിന്നെ
സൽക്കരിക്കനിടവരാതിരിക്കട്ടെ.."
ഓർമ്മകൾ കൽബൈശാഖി പോലെ പെയ്തൊഴിഞ്ഞു.രഞ്ജനയപ്പോഴും ചാറ്റൽ
മഴയായി തോരാതെ നിന്നു .അവൾക്ക് നാശത്തിന്‍റെ പടുകുഴിയിൽ നിന്നു കരകയറാൻ ഒരു വിരൽ പോലും
നീട്ടിക്കൊടുക്കാനാവാത്ത എന്‍റെ
മനസ്സാക്ഷിയെ ബോധമനസ്സ് ശകാരിച്ചു തുടങ്ങി. എന്‍റെ മനസ്സാക്ഷി ഇളിഭ്യനായി, നിസ്സഹായതയോടെ
തല താഴ്ത്തിനിന്നു .
മനസ്സിൽ മറ്റൊരു മഴക്കാറ് ഉരുണ്ടു കയറാനനുവദിക്കാതെ ആനന്ദ് സാധനങ്ങൾ ബാഗ്ഗിലാക്കി തുടങ്ങി..
No comments:
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വായിച്ചാല്‍ അഭിപ്രായം പറയണം..... എന്നാലല്ലേ ഞാന്‍ നിങ്ങളെ അറിയൂ.... എന്നാലല്ലേ നിങ്ങള്‍ എന്നെ അറിയൂ....